Contact:-9447974300

അമ്മത്തൊട്ടിൽ

1 കവിതയിൽ അമ്മയുടെ കണ്ണുകളെ മങ്ങിപ്പഴകിയ പിഞ്ഞാണവർണമായി, എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാവാം?

വാർദ്ധക്യത്താൽ അവശതയായ അമ്മയെ ഉപേക്ഷിക്കാനായി കൊണ്ടുപോകുകയാണ് മകൻ. പുതിയ പിഞ്ഞാണം പോലെ വെണ്മയാർന്നിരുന്ന ആ കണ്ണുകളുടെ നിറം മങ്ങിപ്പോയിരിക്കുന്നു. ഇപ്പോൾ പാടയും പീളയും മൂടിയിരിക്കുകയാണ് ആ കണ്ണുകളിൽ. പിഞ്ഞാണത്തിലാണ് നാം ഭക്ഷണം കഴിക്കുക. എന്നാൽ മങ്ങിപ്പഴകി നിറം പോയിക്കഴിഞ്ഞാൽ അവ നാം ഉപേക്ഷിക്കും. അതു ന്നെയാണ് ഇവിടെ മകനും ചെയ്യുന്നത്.

2 പെറ്റു കിടക്കും തെരുവുപട്ടിക്കെന്തൊ

രൂറ്റം കുരച്ചത് ചാടിക്കുതിക്കുന്നു

കാവ്യ സന്ദർഭത്തിന് ഈ വരികൾ എങ്ങനെ മാറ്റുകൂട്ടുന്നു ?

മകൻ അമ്മയെ എവിടെയെങ്കിലും ഉപേക്ഷിക്കാനായി ഒരു സ്ഥലം അന്വേഷിച്ച് യാത്ര ചെയ്യുകയാണ്. ഒരു വലിയ മാളിന്റെ മുമ്പിൽ ആയാലോ എന്ന് മകൻ ചിന്തിക്കുന്നു. മാളിലാകുമ്പോൾ ആരും ആരെയും ശ്രദ്ധിക്കാത്ത ഒരിടമാണല്ലോ. പക്ഷേ അവിടെ പെറ്റു കിടക്കുന്ന ഒരു തെരുവുപട്ടി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി കുരച്ച് ചാടിക്കുതിക്കുന്നു. മക്കളെ സംരക്ഷിക്കുക എന്ന മാതൃചിന്തയാണിവിടെ വ്യക്തമാകുന്നത്. എന്നാൽ വാർദ്ധക്യത്തിൽ അമ്മയെ സംരക്ഷിക്കേണ്ട മകൻ തന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു.

3എങ്ങിനി കൊണ്ടിറക്കേണ്ടു സ്വയം ബുദ്ധി

കെട്ടു കരിന്തിരിയാളും വരെയവർ

ഒന്നെന്നെ കൊണ്ടുപോയീടേണമെന്നുള്ള

ശല്യപ്പെടുത്തൽ പ്രതിഷ്ഠിച്ച കോവിലിൽ ?”

സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഈ വരികൾ വ്യാഖ്യാനിക്കുക.

മകൻ വിചാരിക്കുകയാണ് , ഇനി എവിടെയാണ് അമ്മയെ കൊണ്ടിറക്കേണ്ടത്. സ്വയം ബുദ്ധി നശിച്ച് കരിന്തിരിയാളുന്നതു വരെ അവർ ഒരു തവണയെങ്കിലും കൊണ്ടുപോകണം എന്നു ശല്യപ്പെടുത്തിയിരുന്ന കോവിലിലാണോ ? വർത്തമാന കാലത്ത് കേൾക്കുന്ന ചില വാർത്തകളുമായി ഈ വരികൾക്ക് ബന്ധമുണ്ട്. ക്ഷേത്ര ദർശനത്തിനായി കോവിലിൽ എത്തുകയും വൃദ്ധയായ മാതാവിനെ

അവിടെ ഉപേക്ഷിക്കുന്ന പല സംഭവങ്ങളും ഇപ്പോൾ വാർത്തകളാവാറുണ്ട്. പ്രസിദ്ധമായ ക്ഷേത്രത്തിൽ ഒരു തവണയെങ്കിലും തന്നെ കൊണ്ടുപോകണം എന്ന അമ്മയുടെ അഭ്യർത്ഥന മകന് ഒരു ശല്യമായിരുന്നു. എന്നാൽ ഇപ്പോൾ അമ്മയുടെ ആഗ്രഹം സാധിക്കാനെന്ന മട്ടിൽ അവിടെ കൊണ്ടുപോകുകയും ഉപേക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

4ഇപ്പെരും മാളിന്റെ(ഇപ്പെരുമാളിന്റെ ?)

തൊട്ടടുത്തായിട്ടിറക്കിയാലെന്നോർത്തു

അടിവരയിട്ടിരിക്കുന്ന പദങ്ങളുടെ അർത്ഥവ്യത്യാസം കണ്ടെത്തുക.

അമ്മയെ ഉപേക്ഷിക്കാനായി മകൻ ആദ്യം കണ്ടെത്തുന്ന സ്ഥലമാണ് വലിയ മാളിന്റെ സമീപം. ആധുനിക കാലത്തെ വ്യാപാര കേന്ദ്രമായ മാളിൽ നിന്നും എന്തും സ്വയം തിരഞ്ഞെടുത്ത് വാങ്ങാൻ കിട്ടുന്നു. കവി അത് ഇപ്പെരുമാൾതന്നെയാണോ എന്ന് സംശയിക്കുന്നു. ഈ കാലഘട്ടത്തിൽ പെരുമാൾ അല്ലെങ്കിൽ ഈശ്വരനായിട്ട്, എല്ലാം തരുന്നവനായിട്ട് മാളിനെ കരുതാം.

5. അന്നത്തെ സൂചി പ്രയോഗത്തിൻ നീറ്റൽ പോ-

ലൊന്ന് മനസ്സിലൂടപ്പോൾ കടന്നുപോയ്.”

ഇതു മകന്റെ ഒരോർമ്മയാണ്. ഓർമ്മകൾക്ക് ഈ കവിതയിൽ പ്രാധാന്യമുണ്ട്. കുറിപ്പു തയ്യാറാക്കുക.

അമ്മയെ ഉപേക്ഷിക്കാൻ മകൻ കണ്ടെത്തുന്ന ഓരോ ഇടവും അയാളെ ചില ഓർമകളിലേക്കു നയിക്കുന്നു. മാളിനു സമീപം അമ്മയെ ഉപേക്ഷിക്കാനായി ശ്രമിച്ചപ്പോൾ തെരുവുപട്ടി ചാടിക്കുതിച്ചു വന്നത് അതിന്റെ മക്കളെ സംരക്ഷിക്കാനുള്ള വ്യഗ്രത ആണെന്ന് മകൻ തിരിച്ചറിഞ്ഞു.

അടുത്തതായി ജില്ലാ ആശുപത്രിക്ക് മുന്നിലെ രാക്കടയ്ക്ക് പിറകിലായി അമ്മയെ ഉപേക്ഷിക്കാൻ ശ്രമിച്ചപ്പോൾ പണ്ട് പനിച്ചു കിടന്നപ്പോൾ അമ്മ തന്നെയുമെടുത്ത് പടികൾ കയറി കിതച്ചതും ഓർമയിൽ വന്നു . അടുത്തതായി താൻ പഠിച്ച വിദ്യാലയം അവിടെ ആദ്യമായി തന്നെയും കൊണ്ട് അമ്മ എത്തിയത് മകൻ ഓർത്തു. പൊട്ടിക്കരഞ്ഞുകൊണ്ട് ക്ലാസ് മുറിക്കകത്തേക്ക് പോയ മകനെയും കാത്ത് പിടയുന്ന ഇടനെഞ്ചു മായി ചുറ്റുമതിലിനു പുറത്ത് അമ്മ കാത്തു നിന്നതും മകൻ ഓർത്തു.

6.”അമ്മത്തൊട്ടിൽ എന്ന ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക

. അമ്മമാർക്ക് സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ വയ്യാത്ത അവസ്ഥയിൽ അവർക്ക് സുരക്ഷിതമായി കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് അമ്മത്തൊട്ടിൽ . ഇവിടെ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതി സംരക്ഷിക്കുകയും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായ വർക്ക് നിയമപരമായി അവരെ കൈമാറുകയും ചെയ്യുന്നു. കവിതയിൽ അമ്മ മകനെ ഉപേക്ഷിക്കുന്നതിന് പകരമായി മകൻ അമ്മയെ ഉപേക്ഷിക്കാൻ ആയി ഇടം തേടുന്നു. തികച്ചും വിരുദ്ധമായ ഒരു അർത്ഥത്തിലാണ് അമ്മത്തൊട്ടിൽ എന്ന ശീർഷകം പ്രയോഗിച്ചിരിക്കുന്നത്.

7.” കാച്ചെണ്ണ ചേരുന്ന ഗന്ധം, പുലർച്ചയി

ലോലക്കൊടികൾ പുകയുന്നതിൻമണം

വരികൾ വിശകലനംചെയ്ത് ഗന്ധം പോലുള്ള ഇന്ദ്രിയാനുഭവങ്ങൾക്ക് കവിതയിൽ ഉള്ള സ്ഥാനം വ്യക്തമാക്കുക.

അമ്മയെ ഉപേക്ഷിക്കാൻ ആയി കൊണ്ടുപോകുന്ന മകന്റെഓർമ്മകളിൽ തെളിയുന്നത് പലതരത്തിലുള്ള ഇന്ദ്രിയാനുഭവങ്ങൾ ആണ് . ഇടയ്ക്ക് കാറിന്റെ ചില്ല് ഉയർത്തിയപ്പോൾ തണുപ്പ് അകത്തേക്ക് ഇരച്ചുകയറി. അത് കരിമ്പട ത്തെയും അമ്മ വയറ്റത്ത് പറ്റിക്കിടന്ന തിന്റെചൂട് അനുഭവിച്ചതിന്റെയും ഓർമ്മകളുണർത്തി. ഒപ്പം അമ്മയുടെ കാച്ചെണ്ണ ചേരുന്ന ഗന്ധം മനസ്സിൽ തെളിഞ്ഞു. അമ്മ അതിരാവിലെ എഴുന്നേറ്റ് ഓലക്കൊടികൾ കത്തിച്ച് പാചകം ചെയ്യുന്നതിന്റെ മണം മൂക്കിലേക്കെത്തി. ഇതുപോലെയുള്ള ഇന്ദ്രിയാനുഭവങ്ങൾ കവിതയുടെ അനുഭവതലത്തെ ആഴമുള്ളതാക്കുന്നു.

About the Author

Leave a Reply