Contact:-9447974300

ജീവിതം പടർത്തുന്ന വേരുകൾ

പ്രവേശകം

വേരുകൾ ഡി.വിനയചന്ദ്രൻ

1 . ഭൂമിയെ അമ്മയായി സങ്കൽപ്പിക്കുന്നതിന്റെ ഔചിത്യം കണ്ടെത്തുക.

ഡി.വിനയചന്ദ്രന്റെ കൊച്ചു കഥയാണ് “ വേരുകൾ “. ഏതു വൻ വൃക്ഷത്തേയും ഭൂമിയിൽ നിലനിർത്തുന്നത് വേരുകളാണ്. ഒരു സാമൂഹിക ജീവയായ മനുഷ്യന്റെ ജീവിതവും വളർന്നു പടർന്നു പന്തലിക്കുന്നത് ബന്ധങ്ങളിലൂടെയാണ്. അതുണ്ടാകുന്നത് ഈ ഭൂമിയിലാണ്. അതുകൊണ്ട് ഭൂമിയെ അമ്മയായി സങ്കൽപ്പിക്കാം.

അധ്യായം 1

പ്ലാവിലക്കഞ്ഞി

(തകഴി ശിവശങ്കരപ്പിള്ള)

2. “ഏനു മേണ്ട “ , “ എന്നാല് ഏനും കുടിക്കത്തില്ല “ “”ഏന് മയറ്റില് ഒരു കമ്പിതമെടീ” ജീവിതത്തിലെ ഇല്ലായ്മകളെ സ്നേഹം കൊണ്ട് അതിജീവിക്കുകയാണ് ഇവർ ചെയ്യുന്നത്. കുറിപ്പ് തയ്യാറാക്കുക

കുടുംബ ജീവിതത്തിൽ പരസ്പര സ്നേഹത്തിന് വളരെ പ്രാധാന്യമുണ്ട്. കടുത്ത ദാരിദ്ര്യമാണ് കോരനും ചിരുതയും അനുഭവിച്ചിരുന്നത്. അന്തിയാവോളം പണിയെടുത്താൽ കിട്ടുന്ന കൂലി കൊണ്ട് അത്താഴത്തിനുള്ള വക പോലും വാങ്ങാൻ കഴിയുമായിരുന്നില്ല. ആകെ കിട്ടിയ മുക്കാൽ രൂപയിൽ അരയണ കൊടുത്തു നാഴിയരിയും നാലു ചക്രത്തിനു കപ്പയും വാങ്ങി കുടിലിലെത്തിയ കോരന് ചിരുത അതു പാകം ചെയ്തു കൊടുത്തു. പകൽ മുഴുവൻ പട്ടിണിയായിരുന്ന അവൾ അതു കഴിക്കട്ടെ എന്നു കരുതി കോരൻ അത് കഴിക്കാതെയിരുന്നു. അതിനു വയറ്റിൽ ഒരു ‘കമ്പിതം ‘ എന്നു പറയുന്നു. എന്നാൽ കോരൻ കുടിക്കാതെ താനും കുടിക്കില്ല എന്നു ചിരുത. പരസ്പരം ഊട്ടാനാണ് ഇരുവരും ശ്രമിക്കുന്നത്.

3. വൃദ്ധൻ പറഞ്ഞു

മൂഴക്കരിയിട്ടു തെളപ്പിച്ചു “

ഏനാ അത് കുടിച്ചത്, അവളു കുടിച്ചില്ല. ഏനു കോരിത്തന്നു . “ ചിരുത കൃതകൃത്യയായി. “ അച്ഛൻ ചുമ്മാ പറയുവാ, എനും കുടിച്ചു “ സന്ദർഭം വിശദീകരിക്കുക.

കോരന്റെ അച്ഛൻ വെളുത്ത ആദ്യമായാണ് അവരുടെ വീട്ടിലെത്തുന്നത്. പത്തു ദിവസമായി അയാൾ അരിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചിട്ട് .ചിരുത മൂഴക്കരിയിട്ടു തിളപ്പിച്ചത് അയാൾക്കു നൽകുന്നു. അതു അയാൾ തന്നെ പറഞ്ഞുകേൾക്കുമ്പോൾ ചിരുത കൃതകൃത്യയായി. അവളും കുടിച്ചു എന്നു പറയുന്നത് വെറുതെയാണ്. ഇല്ലായ്മകളെ അതിജീവിക്കാൻ സ്നേഹത്തിന് എങ്ങനെ കഴിയുന്നു എന്നതിന് മറ്റൊരു ഉദാഹരണമാണ് ഈ സന്ദർഭം.

4 അതൊരു അക്ഷന്തവ്യമായ അപരാധമാണ്. ഒരു തരത്തിലും ആ തെറ്റ് ന്യായീകരിക്കാവുന്നതല്ല. കോരന്റെ ചിന്തകളിൽ പ്രതിഫലിക്കുന്ന അപരാധബോധം എന്തായിരുന്നു ?

ചിരുതയുടെയും കോരന്റെയും വിവാഹ ദിവസമുണ്ടായ ഒരു തർക്കത്തിന്റെ പേരിൽ കോരന്റെ ബന്ധുക്കളും അച്ഛനും അവരെ ഉപേക്ഷിച്ചു പോയി. അവർ ഒരു സുഹൃത്തിന്റെ കുടിലിനോട് ചേർന്ന് താമസമായി. അതിനു ശേഷം അച്ഛന്റെ ഒരു കാര്യവും കോരൻ അന്വേഷിച്ചിട്ടില്ല. പിണങ്ങിയിരുന്ന അച്ഛൻ അവസാനം അവനെ തേടി വന്നു. പത്തു ദിവസമായി അയാൾ അരിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചിട്ട്. താൻ കൂടെയുണ്ടായിരുന്നെങ്കിൽ അദ്ദേഹം ഇത്രയുംക്ഷീണിതനാകുമായിരുന്നില്ല. നിറഞ്ഞ ആരോഗ്യവും ആനയുടെ കരുത്തുമുണ്ടായിരുന്നു അച്ഛന്. ഇന്ന് എഴുനേറ്റു നില്ക്കാൻ പോലും കരുത്തില്ല. വാർദ്ധക്യകാലത്ത് അച്ഛന സംരക്ഷിക്കേണ്ട ചുമതല താൻ ചെയ്തില്ല എന്ന അപരാധബോധത്താൽ കോരൻ നീറി.

5. “നല്ലില്ല. പിശാശുക്കള് ! നെല്ല് കൊണ്ടുചെന്ന് വല്ല പീടികയിലും പെട്ട വിലയ്ക്ക് വിൽക്കാനാണ്. “

അല്ല തമ്പ്രാ ! അത്താഴക്കരിക്കാടിക്കാ ! സംഭാഷണം വിശകലനം ചെയ്ത് അതിൽ തെളിയുന്ന ഭാഷയിലെ വർഗ്ഗ വ്യത്യാസത്തെക്കുറിച്ച് കൂടുതൽ തെളിവുകൾ കണ്ടത്തി കുറിപ്പു തയ്യാറാക്കുക.

ഭാഷയിൽ ഭാഷാഭേദങ്ങളെന്ന പോലെ വർഗ്ഗ ഭേദങ്ങളും നിലനിന്നിരുന്നു. അടിയാന്മാർക്ക് ഉപരിവർഗ്ഗം ഉപേയാഗിച്ചിരുന്ന പല ഭാഷാപദങ്ങളും ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഇവിടെ നൽകിയിരിക്കുന്ന പാഠഭാഗത്തു തന്നെ കോരൻ ഔസേപ്പു മുതലാളിയെ സംബോധന ചെയ്യുന്നത് ‘ തമ്പ്രാ എന്നാണ്. – തമ്പുരാൻ’ എന്നു പോലും വിളിക്കാൻ അവർക്ക് അവകാശമുണ്ടായിരുന്നില്ല. അവർ അത്താഴത്തിനു പകരം അത്താഴക്കരിക്കാടി, എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്. ഞാൻ എന്നതിനു പകരം ഏൻ എന്നും എന്നോട് എന്നതിനു പകരം ‘ഏനോട് എന്നുമാണ് പ്രയോഗിക്കുന്നത്. അവരെ ക്ടാത്തിമാർ എന്ന പദത്തിലൂടെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

6.പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്ത് അക്കാലത്തെ സാമൂഹിക ജീവിതാവസ്ഥ വെളിപ്പെടുത്തുന്നത് കണ്ടെത്തുക

എല്ലുമുറിയെ പണിയെടുത്തിട്ടും കൂലി കിട്ടാതെ പട്ടിണി കിടക്കേണ്ടി വരുന്ന ഒരു കർഷകത്തൊഴിലാളിയാണ് പ്ലാവിലക്കഞ്ഞിയിലെ കോരൻ . കർഷകത്തൊഴിലാളികളെ ഊറ്റിക്കുടിച്ച് പ്രമാണിമാരും മുതലാളിമാരും ആകുന്ന ഒരു സാമൂഹിക ക്രമമാണ് അന്നത്തേത്. ഇതിനെതിരെ അതായത് നെല്ല് കൂലിയായി വേണമെന്ന് കോരൻ ആവശ്യപ്പെടുന്നു. പക്ഷേ കോരന് അല്പം കൂലി കൂട്ടിക്കൊടുക്കുകയാണ് മുതലാളി ചെയ്തത്. മറ്റൊരു തൊഴിലാളിയും കോരന്റെ കൂടെ കൂടുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ല. കിട്ടുന്ന കൂലി കൊണ്ട് അടിമകളെപ്പോലെ ജീവിച്ചു പോരുന്ന അന്നത്തെ സാമൂഹ്യ വ്യവസ്ഥയാണിവിടെ കാണുന്നത്. എന്നാൽ കോരനിലെ വിപ്ലവകാരി ഉണർന്നു വരുന്ന ഒരു സന്ദർഭം ഇവിടെ കാണാം

7. കഥാപാത്ര നിരൂപണം തയ്യാറാക്കുക – കോരൻ

തകഴിയുടെ പ്രസിദ്ധമായ രണ്ടിടങ്ങഴി എന്ന നോവലിലെ കേന്ദ്ര കഥാപാത്രമാണ് കോരൻ എന്ന കർഷകത്തൊഴിലാളി. പകലന്തിയോളം ചേറിൽ പണിയെടുത്തിട്ടും ഒരു മണി നെല്ലിന് അവകാശമില്ലാത്ത, പട്ടിണി മാത്രം അനുഭവിക്കേണ്ടി വരുന്ന പാവപ്പെട്ട കർഷകത്തൊഴിലാളിയുടെ . പ്രതിനിധി. എല്ലാവരും കിട്ടിയ നിസ്സാര കൂലിയുമായി പോകുമ്പോൾ തനിക്ക് നെല്ലു കൂലിയായി കിട്ടണമെന്ന് കോരൻ ആവശ്യപ്പെടുന്നു. രാത്രിയിൽ നടക്കുന്ന നെല്ല് വ്യാപാരം പരസ്യപ്പെടുത്തിയാലോയെന്ന് കോരൻ ചിന്തിക്കുന്നു. കോരനിൽ ഉണരുന്ന വിപ്ലവകാരിയെ നമുക്കിവിടെ കാണാം. ഒരു ഭർത്താവ് എന്ന നിലയിൽ വളരെ സ്നേഹ സമ്പന്നനായ ഒരാളാണ് കോരൻ , രാത്രി മുഴുവൻ അലഞ്ഞ് അരിയും കപ്പയും കൊണ്ടുചെന്ന് ചിരുത അത് പാകം ചെയ്ത് കഴിയുമ്പോൾ അത് അവൾ കഴിച്ചോട്ടെ എന്നു കരുതി ‘ഏന് മയറ്റില് കമ്പിതമെടീ’ എന്നു പറഞ്ഞ് കഴിക്കാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ് കോരൻ .ചിരുതയെ വിവാഹം കഴിച്ചപ്പോൾ ഉണ്ടായ തർക്കത്തിന്റെ പേരിൽ അച്ചൻ കോരനെ ഉപേക്ഷിച്ചു പോയതിനു ശേഷം മകൻ എന്ന നിലയിൽ തന്റെ കടമ നിറവേറ്റാൻ കഴിയാതെ പോയി എന്ന കുറ്റബോധം കോരനെ ബാധിക്കുന്നുണ്ട്. തികച്ചും സ്നേഹ സമ്പന്നനും ധൈര്യശാലിയുമായ ഒരു തൊഴിലാളി തന്നെയാണ് കോരൻ എന്ന് നമുക്കു പാഠഭാഗത്തു നിന്ന് മനസ്സിലാക്കാം.

About the Author

Leave a Reply