Contact:-9447974300

കാലാതീതം കാവ്യ വിസ്മയം

കാലാതീതം കാവ്യ വിസ്മയം

പ്രവേശകം

1കവികൾക്ക് ലോകമെമ്പാടും

ഒരു ഭാഷയേയുള്ളു

ഇലകൾക്കും തത്തകൾക്കും

ഗൗളികൾക്കുമെന്ന പോലെ

കവികളുടെ ഭാഷ ( സച്ചിദാനന്ദൻ )

ഈ വരികളിൽ തെളിയുന്ന ആശയങ്ങൾ വിശകലനം ചെയ്ത് കുറിപ്പെഴുതുക

സച്ചിദാനന്ദന്റെ റഷ്യൻ യാത്രാനുഭവങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ മഞ്ഞ് എന്ന കവിതയിലെ വരികളാണിത്.കവികൾക്ക് ലോകമെമ്പാടും ഒരു ഭാഷയേയുള്ളു. ഇലകളുടെ മർമ്മരം തത്തകളുടെ കൊഞ്ചൽ ഗൗളികളുടെ ചിലയ്ക്കൽ എന്നിവയ്ക്ക് ലോകത്തിലെല്ലായിടത്തും സമാനതകളുണ്ട്. ഇതു പോലെ തന്നെയാണ് കവികളുടെ കാര്യവും. കാവ്യ ഭാഷ എല്ലായിടത്തും ഒരുപോലെയാണ്. ലോകമെമ്പാടുമുള്ള കവിതകളുടെയെല്ലാം വൈകാരിക തലത്തിന്റേയും സൗന്ദര്യ തലത്തിന്റേയും ഭാഷ ഒന്നു തന്നെയാണ്.

ലക്ഷ്മണ സാന്ത്വനം എഴുത്തച്ഛൻ

2ഘടകപദങ്ങളാക്കുക

ക്ഷണപ്രഭാ ചഞ്ചലം ക്ഷണപ്രഭ പോലെ ചഞ്ചലം

കാലാഹി കാലമാകുന്ന അഹി

മാനസതാര് മാനസമാകുന്നതാര്

രാജ്യ ദേഹാദി രാജ്യം ദേഹം ആദിയായവ

3എഴുത്തച്ഛൻ സംസാര കാരിണി സംസാരനാശിനി എന്നീ വിശേഷണങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ത് ?

അവിദ്യയെ സംസാര കാരിണിയായും വിദ്യയെ സംസാരനാശിനിയായും വിശേഷിപ്പിക്കുന്നു.

4″നന്നല്ല ദേഹം നിമിത്തം മഹാ മോഹം” – എന്തുകൊണ്ട്?

മനുഷ്യന്റെ എല്ലാ ദു:ഖങ്ങൾക്കും കാരണം ദേഹം നിമിത്തമുള്ള അഹങ്കാരമാണ്.ജനങ്ങൾ ഞാനെന്ന ഭാവം കൈക്കൊണ്ട് താൻ ബ്രാഹ്മണനാണ് താൻ രാജാവാണ്, താൻ ആഢ്യനാണ് എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ജന്തുക്കൾ ഭക്ഷിച്ച് കാഷ്ഠമായിപ്പോകാം. അതു മാത്രമല്ല ത്വക് ,മാംസം, രക്തം, മൂത്രം, രേതസ്സ് എന്നിവയാൽ നിർമ്മിതമാണ് മനുഷ്യ ശരീരം

5″വഹ്നി സന്തപ്ത ലോഹസ്ഥാംബുബിന്ദുനാ

സന്നിഭം മർത്ത്യ ജന്മം ക്ഷണഭംഗുരം

വരികളുടെ ചമത്കാര ഭംഗി കണ്ടെത്തുക?

ശ്രീരാമൻ ലക്ഷ്മണനോട് മനുഷ്യ ജന്മത്തിന്റെ ക്ഷണഭംഗുരത വ്യക്തമാക്കുകയാണിവിടെ. അഗ്നിയാൽ ചുട്ടുപഴുത്തിരിക്കുന്ന ലോഹത്തിൽ വീഴുന്ന ജലത്തുള്ളി പോലെ പെട്ടെന്ന് അവസാനിക്കുന്നതാണ് മനുഷ്യ ജന്മം. ചുട്ടുപഴുത്തിരിക്കുന്ന ലോഹത്തിൽ വീഴുന്ന ജലത്തുള്ളിയോട് ഉപമിക്കുന്നതു വഴി മനുഷ്യ ജന്മത്തിന്റെ നൈമിഷികത വ്യക്തമാക്കിയിരിക്കുന്നു.

6 ലക്ഷ്മണന്റെ പ്രയാസത്തിന് വേണ്ടത്ര യുക്തിയില്ല എന്ന് ശ്രീരാമൻ വ്യക്തമാക്കുന്നതെങ്ങനെ?

നമുക്ക് കാണാൻ സാധിക്കുന്ന രാജ്യം ,ദേഹം, ധനം, ധാന്യം ഇവയൊക്കെ സത്യമാണെങ്കിൽ അവ നഷ്ടപ്പെടുമ്പോൾ അതിൽ യുക്തിയുണ്ട്.എന്നാൽ ഇവയെല്ലാം തന്നെ നശ്വരമായതിനാൽ അവ നഷ്ടപ്പെടുന്നതോർത്ത് ദുഖിക്കുന്നതിൽ യുക്തിയില്ല എന്നാണ് ശ്രീരാമൻ സമർത്ഥിക്കുന്നത്.

7 കോപാവേശനായ ലക്ഷ്മണനെ സാന്ത്വനിപ്പിക്കുന്നതിനായി മന:ശാസ്ത്രപരമായ സമീപനമാണ് ശ്രീരാമൻ സ്വീകരിക്കുന്നത് ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? കുറിപ്പു തയ്യാറാക്കുക.

ലക്ഷ്മണനെ സാന്ത്വനിപ്പിക്കാൻ ശ്രീരാമൻ വളരെ മന:ശാസ്ത്രപരമായ സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. വളരെ നയത്തോടു കൂടി സഹോദരാ എന്നും സുമിത്രാപുത്രാ എന്നും കുമാരാ എന്നുമാണ് അഭിസംബോധന .പക്വതയുള്ള സുമിത്രയുടെ മകനാണെന്നും പ്രായം കൊണ്ട് കുമാരനാണെന്നും സൂചിപ്പിച്ച് ലക്ഷ്മണന്റെ മുൻ കോപത്തെ തടയുന്നു.ലക്ഷ്മണന് തന്നോടാണ് മറ്റുള്ളവരേക്കാൾ സ്നേഹമെന്നും താൻ മുമ്പേ മനസ്സിലാക്കിയിട്ടുണ്ടെന്ന് ശ്രീരാമൻ അറിയിക്കുന്നു. കോപാവേശനായ ലക്ഷ്മണനെ ഇങ്ങനെ സ്നേഹനിർഭരമായ വാക്കുകളിലൂടെ ശ്രീരാമൻ സാന്ത്വനിപ്പിക്കുന്നു.

8 “ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം

ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ

കാലാഹിനാ പരിഗ്രസ്തമാം ലോകവു

മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു

കാലാഹി എന്ന പ്രയോഗത്തിന്റെ ഔചിത്യമെന്ത്?

കാലമാകുന്ന പാമ്പ് എന്നാണ് ഈ പ്രയോഗത്തിന്റെ അർത്ഥം. സന്ദർഭത്തിന് വളരെ യോജിക്കുന്ന ഒരു പ്രയോഗമാണ്. പാമ്പിന്റെ വായിൽ അകപ്പെട്ട തവള അതിന്റെ ജീവിതാവസാനമാണെന്നറിയാതെ ഇരയെ ലഭിക്കുവാൻ ആഗ്രഹിക്കുന്നു. കാലമാകുന്ന പാമ്പിന്റെ വായിൽ അകപ്പെട്ട മനുഷ്യർ താൻ മരണത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസ്സിലാക്കാതെ സുഖഭോഗങ്ങൾക്ക് അതിയായി ആഗ്രഹിക്കുന്നു.

9 ‘ലക്ഷ്മണ സാന്ത്വനം എന്ന കാവ്യഭാഗം വിശകലനം ചെയ്ത് എഴുത്തച്ഛന്റെ കാവ്യ ഭാഷയുടെ സവിശേഷതകൾ കണ്ടെത്തുക?

പതിനാറാം നൂറ്റാണ്ടുവരെ തുടർന്നു വന്ന ഭാഷയുടെവളർച്ചയുടെ വ്യക്തതയാർന്ന രൂപമാണ് എഴുത്തച്ഛന്റെ ഭാഷ.പാട്ടിനേയും മണിപ്രവാളത്തേയും യോജിപ്പിച്ചെടുത്ത കവിയാണ് എഴുത്തച്ഛൻ. പാട്ടിൽ നിന്നും മണിപ്രവാളത്തിൽ നിന്നും വേണ്ടത് സ്വീകരിക്കുകയും വേണ്ടാത്തത് തിരസ്കരിക്കുകയും ചെയ്തു.ശുദ്ധ മലയാള പദങ്ങളും ലളിതമായ സംസ്കൃതപദങ്ങളും കൂട്ടിച്ചേർത്ത് മികച്ച ഒരു ഭാഷാരീതി സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

മനുഷ്യരുടെ കുടുംബ ജീവിതത്തെ ക്ഷീണിച്ചു വരുന്ന യാത്രക്കാർ വഴിയമ്പലത്തിൽ ഒത്തുകൂടുന്നതിനോടും നദിയിലൂടെ വിറകിൻ കഷണങ്ങൾ ഒലിച്ചുപോകുന്നതിനോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു. മനുഷ്യന്റെ ക്ഷണിക ജീവിതത്തെക്കുറിച്ച് ധാരാളം കല്പനകൾ ഉൾക്കൊള്ളുന്നതാണ് ഈ പദ്യഭാഗം.

എഴുത്തച്ഛന്റെ കാവ്യ ഭാഷയ്ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് താഴെ പറയുന്ന ഭാഗം .മനുഷ്യ ജീവിതത്തിന്റെ നിസ്സാരത വെളിപ്പെടുത്തുകയാണ് ഈ ഭാഗത്തിലൂടെ.ഞാൻ ആഢ്യനാണ്, ഞാൻ ബ്രാഹ്മണനാണ്, ഞാൻ രാജാവാണ് എന്ന് അഹങ്കരിക്കുന്ന സമയത്തു തന്നെ നാം മരണത്തിനു കീഴ്പ്പെടുന്നു. അതിനാൽ ദേഹം നിമിത്തമുള്ള അതിമോഹം നന്നല്ല. ബ്രാഹ്മണോഹം, നരേന്ദ്രോഹം, ആഢ്യോഹം, ദശാന്തരേ, പോകിലാം, പോയീടിലാം, എന്ന വാക്കുകൾ ശ്രദ്ധിച്ചാൽ ഇന്നത്തെ മലയാളിക്ക് സ്വഭാവികമായി മനസ്സിലാകുന്ന സംസ്കൃതപദങ്ങൾ ഇണചേർന്ന് നിൽക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്.

10 ലക്ഷ്മണ സാന്ത്വനം എന്ന കാവ്യഭാഗം വിശകലനം ചെയ്ത് എഴുത്തച്ഛൻ കൃതികളിലെ തത്വചിന്തയെ കുറിച്ച് വിവരിക്കുക?

16-ാം നൂറ്റാണ്ടിൽ ജീവിച്ച എഴുത്തച്ഛൻ കൃതികൾ ഓരോന്നും പരിശോധിച്ചാൽ അവ കാലാതീതമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ആധുനിക ഭാഷയുടെ പിതാവായ, ഭക്തിപ്രസ്ഥാനത്തിന്റെ വക്താവായ, കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ, എഴുത്തച്ഛൻ എന്നും ഒരു വിസ്മയം തന്നെ.

കേരളത്തിൽ അന്നു നിലനിന്നിരുന്ന പാട്ടും, മണിപ്രവാളവും കൂട്ടിക്കലർത്തി അദ്ദേഹം മനോഹരമായ ഒരു കാവ്യ ഭാഷ വാർത്തെടുത്തു.

കേരളീയർ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് തത്വചിന്തകൾ.അതീവ ലളിതമായി ഗഹനമായ ഈ ചിന്തകൾ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തി. സുഖഭോഗങ്ങളെല്ലാം മിന്നൽ പോലെ നൈമിഷികമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ ജീവിത ദു:ഖങ്ങൾക്കെല്ലാം കാരണം ദേഹം നിമിത്തമുണ്ടാകുന്ന അഹങ്കാരവും അവിദ്യയുമാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.

മനുഷ്യൻ ലൗകിക സുഖങ്ങൾക്കു പിന്നാലെ പരക്കം പായുകയാണ്. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഇരപിടിക്കാൻ ശ്രമിക്കുന്നതു പോലെ തന്നെയാണ് കാലമാകുന്ന പാമ്പിന്റെ വായിൽ അകപ്പെട്ട മനുഷ്യരും. മരണാസന്നനായ മനുഷ്യൻ തന്റെ ആഗ്രഹങ്ങളിൽ നിന്ന് മോചിതനാകുന്നില്ല. അഗ്നിയാൽ ചുട്ടുപഴുത്തിരിക്കുന്ന ലോഹത്തകിടിൽ വീഴുന്ന വെള്ളത്തുള്ളികൾ പോലെ ക്ഷണനേരം കൊണ്ട് നശിച്ചുപോകുന്നതാണ് മനുഷ്യ ജന്മം.

ബന്ധുക്കൾ, സുഹൃത്തുക്കൾ, ഭാര്യ, മക്കൾ, തുടങ്ങിയവരോടൊപ്പമുള്ള ജീവിതവും അല്പകാലത്തേക്കു മാത്രമുള്ള ഒന്നാണ്. വഴിപോക്കർ വിശ്രമത്തിനായി ഒത്തുകൂടി പിരിഞ്ഞു പോകുന്നതു പോലെ, നദിയിലൂടെ ഒലിച്ചുപോകുന്ന തടിക്കഷണങ്ങൾ പോലെ, എത്രയും ചഞ്ചലമാണ് കുടുംബ ബന്ധങ്ങൾ.

മനുഷ്യ ശരീരത്തെ ചൊല്ലി അഹങ്കരിക്കുന്നത് ഒട്ടും നന്നല്ല. അത് ഏതു നിമിഷവും ജീർണിച്ചു പോകേണ്ട ഒന്നാണ്.സംസാരജീവിതത്തിന് കാരണമാകുന്നത് അവിദ്യയും സംസാരനാശിനിയാകുന്നത് വിദ്യയുമാണ്. അതു കൊണ്ട് മോക്ഷം നേടേണ്ടവൻ ഏകാഗ്രതയോടെ വിദ്യ അഭ്യസിക്കണം.ലൗകിക ജീവിതത്തിൽ ഏറ്റവും ദുഃഖത്തിനു കാരണമാകുന്ന ഒന്നാണ് ക്രോധം. ക്രോധം മനുഷ്യരെ സംസാരവുമായി ബന്ധിപ്പിക്കുന്നു. ക്രോധം ധർമ്മം ക്ഷയിപ്പിക്കും, അതിനാൽ അറിവുള്ളവർ ക്രോധം ഉപേക്ഷിക്കണം. ഭാരതീയ തത്വചിന്തയുടെ അടിസ്ഥാന തത്വങ്ങൾ തന്നെയാണ് ഈ ഉപദേശങ്ങളിലുള്ളത്. തുഞ്ചത്തെഴുത്തച്ഛൻ എന്ന ആചാര്യൻ എല്ലാവർക്കുമായി നൽകുന്ന ഉപദേശമാണ് ശ്രീരാമവാക്യങ്ങളിലൂടെ നാം കേൾക്കുന്നത്.

About the Author

Leave a Reply